
ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് അറുപതുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ജീവനൊടുക്കിയത്. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന കുറിപ്പെഴുതി വെച്ചശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ചാണ് ഇയാൾ കത്തിയെടുത്ത് സ്വയം കഴുത്തറുത്തത്. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിൻറെ ദൂതൻറെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു’- എന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്.
പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ അൻസാരി വീട്ടിൽ തിരിച്ചെത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്റ ഖാത്തൂൺ പറഞ്ഞു. അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.











